Thursday, February 27, 2014

പൊളിച്ചതാര്‍ക്കുവേണ്ടി....


ഒരു ജനതയുടെ സ്വപ്നങ്ങള്‍ക്ക് ചിറകു നല്‍കി കുട്ടനാടന്‍ മണ്ണില്‍ പിറവികൊണ്ട ചുണ്ടന്‍ ആണ് അംബേദ്‌കര്‍. ഇന്ത്യന്‍ ഭരണ ഘടന എഴുതിയുണ്ടാക്കിയ സമിതിയുടെ തലവന്‍ ആയിരുന്ന, ദേശവ്യാപകമായി പിന്നോക്കം ആയിരുന്ന ഒരു ബഹുഭൂരിപക്ഷത്തിന് കരുത്തും ആത്മവിശ്വാസവും പകര്‍ന്ന ആരാധ്യനായ ഡോ. ഭീം റാവു അംബേദ്കറുടെ സ്മരണയില്‍ ആണ് ചുണ്ടന് അദ്ദേഹത്തിന്‍റെ നാമധേയം നല്‍കിയത്. ഭരണ ഘടനാ ശില്‍പ്പിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ ക്ഷേമം കണക്കിലെടുത്ത് അനുവദിച്ച ഫണ്ടില്‍ നിന്നാണ് ചുണ്ടനുള്ള പണം കണ്ടെത്തിയത്. ചുണ്ടന്‍ വള്ളങ്ങളുടെ പെരുംതച്ചന്‍ ആയ ശ്രീ കൊയില്‍മുക്ക് നാരായണന്‍ ആചാരിയുടെ കരവിരുതില്‍ പിറവികൊണ്ട അവസാന ചുണ്ടന്‍ എന്ന വിശേഷണവും അംബേദ്‌കറിന് തന്നെ. 1994 ജൂലായ്‌ 22 ന് ആണ് ചുണ്ടന്‍ നീരണിഞ്ഞത്. നീരണിഞ്ഞ വര്‍ഷം തന്നെ കൊള്ളിമീന്‍ പോലെ ആണ് ഈ ചുണ്ടന്‍ പുന്നമടയുടെ വിരിമാറില്‍ വന്നെത്തിയത്. കന്നി അങ്കത്തില്‍ മൂന്നാം സ്ഥാനം നേടി കരുത്തുകാട്ടി. പുളിങ്കുന്ന്, കരുവാറ്റ , കണ്ടശാംകടവ് എന്നിവിടങ്ങളില്‍ വിജയിച്ച ചുണ്ടന്‍ വേഗം ആണ് പ്രശസ്തിയിലെക്കുയര്‍ന്നത്‌. പണം മോഹിക്കാതെ തികഞ്ഞ ആത്മാര്‍ത്ഥതയോടെ തുഴഞ്ഞു സ്വരൂപിച്ച ബോണസ് തുക ആയിരുന്നു വള്ളത്തിന്റെ പരിപാലനത്ത്നായി ഉപയോഗിച്ചത്. വള്ളപ്പുര ഇല്ലാത്തതിനാല്‍ രണ്ടു വര്‍ഷത്തോളം വെള്ളത്തില്‍ കിടക്കേണ്ടിവന്ന ചുണ്ടന്‍ അറ്റകുറ്റപ്പണികള്‍ കൂടി ആയപ്പോള്‍ കുഴപ്പത്തിലായി. വള്ളപ്പുര ഉണ്ടായപ്പോള്‍ വള്ളം പുതുക്കി പണിയേണ്ട അവസ്ഥയുമായി. 2008 പണികള്‍ക്കായി 8 ലക്ഷം രൂപയുടെ ബജറ്റ് സര്‍ക്കാരിന് സമര്‍പ്പിച്ച ക്ലബ്ബിനു ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം 6 ലക്ഷം രൂപ അനുവദിച്ചു. തടി ഉരുപ്പടികള്‍ വാങ്ങിയപ്പോള്‍ തന്നെ അനുവദിച്ച പണം തീര്‍ന്നതിനാല്‍ വീണ്ടും സര്‍ക്കാരിനെ സമീപിച്ചു. അങ്ങനെ മൂന്നര ലക്ഷം കൂടി അനുവദിക്കുകയും വള്ളം മുഴുവനായി പുതുക്കി പണിയാന്‍ ഉള്ള ശ്രമവും ആരംഭിച്ചു. അധികൃതര്‍ നല്‍കിയ ഉറപ്പില്‍ വിശ്വസിച്ചു വള്ളം പൊളിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് സര്‍ക്കാര്‍ വകുപ്പുകള്‍ നിസ്സഹകരണം ആണ് കാട്ടിയത്. നെഹ്‌റു ട്രോഫിയുടെ തുടക്ക കാലം മുതല്‍ വള്ളംകളി രംഗത്ത് സജീവമായി, നിസ്വാര്‍ത്ഥം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ശ്രീ കുപ്പപ്പുറം രഘു സര്‍ ആയിരുന്നു ക്ലബ്ബിന്‍റെ പ്രസിടന്റ്റ്. അംബേദ്‌കര്‍ ചുണ്ടന്റെ തിരിച്ചു വരവിനായി അദ്ദേഹം മുട്ടാത്ത വാതിലുകള്‍ ഇല്ല..ഇപ്പോഴും ആ ശ്രമം അദ്ദേഹം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. പുതുക്കി പണിയുവാനായി വാങ്ങിയ തടികളും പൊളിച്ച വള്ളത്തിന്റെ ഭാഗങ്ങളും അനാഥമായി വള്ളപ്പുരയില്‍ കിടന്നു നശിച്ചു പോകുകയാണ്. സര്‍ക്കാരിന്റെയും നെഹ്‌റു ട്രോഫി ബോട്ട് റേസ് കമ്മിറ്റിയുടെയും നിഷേധാത്മക നിലപാട് ഒരു ചുണ്ടനെയും കുറെപ്പേരുടെ സ്വപ്നങ്ങളെയും നിരാശയുടെ ചെളിക്കുണ്ടിലേക്ക്‌ ചവിട്ടി താഴ്ത്തിയിരിക്കുകയാണ്. ഇവര്‍ അവഹേളിക്കുന്നത് മഹാനായ അംബേദ്‌കറിനെയും പെരുംതച്ചനായ നാരായണന്‍ ആശാരിയെയും കുപ്പപ്പുറം രഘു സാറിനെ പോലെ വള്ളംകളിയെ ജീവവായു പോലെ സ്നേഹിക്കുന്നവരെയും പട്ടിക ജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍ ഉള്ള മണ്ണിന്‍റെ മക്കളെയും ഒക്കെ ആണ്. അതിനാല്‍ അധികൃതര്‍ മൌനം വെടിഞ്ഞ് അംബേദ്‌കര്‍ ചുണ്ടന് ശാപമോക്ഷം നല്‍കണം എന്ന് വള്ളംകളി പ്രേമികളുടെ പേരില്‍ ബോട്ട് രേസസ് കേരള ഗ്രൂപ്പ് ശക്തമായി ആവശ്യപ്പെടുന്നു.

No comments:

Post a Comment